പരിസ്ഥിതി ലോലം ശ്രദ്ധക്ഷണിക്കലും മറുപടിയും

പരിസ്ഥിതി ലോലം ശ്രദ്ധക്ഷണിക്കലും മറുപടിയും
Oct 9, 2024 08:08 AM | By PointViews Editr


തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രിയ്ക്ക് വേണ്ടി തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി നിയമസഭയില്‍ പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി വിശദീകരണം നൽകിയത്


കസ്തൂരിരംഗന്‍ റിപ്പോർട്ടിന്റെ നടപടികൾ വന്നതിനുശേഷം കേരളത്തിന്റെ 123 വില്ലേജുകളെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ പൂർണ്ണമായും ഇ എസ് എയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള നോട്ടിഫിക്കേഷൻ വന്നിരുന്നു. അതിനെതിരായി കേരളത്തിലെ ജനങ്ങളുടെ സമരങ്ങൾ ഉണ്ടായതിനെ തുടർന്ന് ഉമ്മൻ വി ഉമ്മൻ കമ്മിറ്റി വരികയും അവർ പഠനം നടത്തി 123 സ്ഥലങ്ങൾ സന്ദർശിക്കുകയും ജനവാസ സ്ഥലങ്ങളെ, കൃഷിസ്ഥലങ്ങളെ, തോട്ടങ്ങളെ പൂർണമായി ഒഴിവാക്കികൊണ്ടുള്ള കേരളത്തിലെ നിർദ്ദേശങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുകയും അത് കേന്ദ്രം അംഗീകരിച്ചുകൊണ്ട് നിരവധിയായിട്ടുള്ള കരട് നോട്ടിഫിക്കേഷനുകൾ പുറപ്പെടുവിക്കുകയും ചെയ്തു. അത് പ്രകാരം കേരളത്തിന്റെ ഇ എസ് എ എന്നുപറയുന്നത് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് എന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2014 ല്‍ കരട് വന്നതിനുശേഷം 10 വർഷത്തിനുശേഷം ഇപ്പോഴും ഇത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ഈ മേഖലയിൽ താമസിക്കുന്ന ആളുകൾ വലിയ ആശങ്കയിലാണ്. 2024 ജൂലൈ 31ന് വീണ്ടും കരട് നോട്ടിഫിക്കേഷൻ വരികയും ആ കരട് നോട്ടിഫിക്കേഷന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കേണ്ടതിന് 60 ദിവസമായിരുന്നു സമയം വെച്ചിരുന്നത്. ആ 60 ദിവസത്തിനുള്ളിൽ കേരള ഗവൺമെന്റ് കേരളത്തിന്റെ ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കുന്നതിന് വ്യക്തമായിട്ടുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയോ ബയോഡൈവേഴ്സിറ്റി ബോർഡിൽ അതിനെക്കുറിച്ച് വ്യക്തതയുള്ള മാപ്പ് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് കേരളം പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പ് കേരളത്തിന്റെ പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ ആണ്. ആ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ജനവാസ മേഖലകൾ നിരവധി സ്ഥലങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് അതിനെ സംബന്ധിച്ച് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്തുകളോട് അഭിപ്രായങ്ങൾ ചോദിക്കുകയും ബന്ധപ്പെട്ട പഞ്ചായത്തുകളെല്ലാം സ്ഥലം പരിശോധന നടത്തി ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കികൊണ്ടുള്ള മാപ്പും നിർദ്ദേശങ്ങളും സമർപ്പിക്കുകയും ചെയ്തു. അത് സ്വീകരിച്ചുകൊണ്ട് ഗവൺമെന്റ് വെബ്സൈറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും അതുപോലെ തന്നെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കേരളത്തിന്റെ നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്യണം. 13108 സ്ക്വയർ കിലോമീറ്റർ ആണ് ആദ്യം ഉൾപ്പെട്ടിരുന്നതെങ്കില്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അതിൽ നിന്നും 3114 സ്ക്വയർ കിലോമീറ്റർ സ്ഥലം കൃഷിസ്ഥലങ്ങളും, ജനവാസ മേഖലകളുമായി കുറച്ചു കിട്ടിയെങ്കിലും ഇനിയും കുറയ്ക്കേണ്ട സ്ഥലങ്ങൾ ഉണ്ട് അത് കുറച്ചു കിട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ ഏറ്റവും അടിയന്തരമായിട്ടുള്ള നടപടികൾ വേണം. ഇത് സംബന്ധിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ ബന്ധപ്പെട്ട പ്രദേശങ്ങളിലെ എംഎൽഎമാരെയോ കർഷക സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് അടിയന്തരമായി യോഗം വിളിക്കുകയും, ജനവാസ മേഖലകളെ, വാസ സ്ഥലങ്ങളെ, തോട്ടങ്ങളെ, ഒഴിവാക്കികൊണ്ടുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പേരാവൂര്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ്‌ നിയമസഭ ശ്രദ്ധക്ഷണിക്കലില്‍ ആവശ്യപ്പെട്ടു.


മറുപടിയായി പശ്ചിമ ഘട്ടത്തിന്‍റെ Ecologically Sensitive Area (ESA) കണ്ടെത്തുന്നതിനായി ശ്രീ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ വിദഗ്ദ്ധ സമിതിക്ക് 2010-ലാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രൂപം നല്‍കിയത്. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 12 ജില്ലകളിലെ ജനവാസ മേഖലകള്‍ ഉള്‍പ്പെടെ ESA ആയി മാറുന്ന സ്ഥിതി വന്നു. തുടര്‍ന്ന് ജനങ്ങളിലുണ്ടായ ആശങ്ക കണക്കിലെടുത്ത് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ശ്രീ. കസ്തൂരി രംഗന്‍റെ നേതൃത്വത്തില്‍ ഉന്നതതല മേല്‍നോട്ടസമിതിയെ High Level Working Group കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.

താലൂക്ക് അടിസ്ഥാന യൂണിറ്റായി കണക്കാക്കിയുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ വിലയിരുത്തിയശേഷം വില്ലേജുകളെ അടിസ്ഥാന യൂണിറ്റാക്കി മേഖല നിര്‍ണ്ണയിക്കാമെന്ന് കസ്തൂരി രംഗന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.

പശ്ചിമഘട്ടത്തിന്‍റെ ഏകദേശം 37%, അതായത് 59,940 ചതുരശ്ര കിലോമീറ്റര്‍ ആണ് ESA ആയി ഈ കമ്മിറ്റി കണ്ടെത്തിയത്. ഇതില്‍ കേരളത്തില്‍ 123 വില്ലേജുകളുടെ ആകെ വിസ്തൃതിയായ 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ESA ആയി മാറി. വീണ്ടും ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പ്രതിഷേധവും ഉണ്ടായി. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയുണ്ടായതിനെത്തുടര്‍ന്ന് കേന്ദ്ര മന്ത്രാലയം സ്ഥലപരിശോധന ഉള്‍പ്പെടെ നടത്തി അതിര്‍ത്തി നിശ്ചയിച്ച് നല്‍കുവാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. ഇതിനായി, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാനായ ഡോ. ഉമ്മന്‍ വി. ഉമ്മന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ദ്ധ സമിതിയെ 2013-ല്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മേല്‍ സൂചിപ്പിച്ച 123 വില്ലേജുകള്‍ എന്നതില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന നിലപാടാണ് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയും സ്വീകരി ച്ചത്. എന്നാല്‍, KSREC (Kerala State Remote Sensing and Environment Centre) രേഖകള്‍ പ്രകാരം ഈ വില്ലേജുകളിലെ കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണമായ 3114.3 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കിക്കൊണ്ട് 9993.7 ചതുരശ്ര കിലോമീറ്റര്‍ ആയി നിശ്ചയിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ സ്വാഭാവിക ഭൂപ്രകൃതിയും 886.7 ചതുരശ്ര കിലോമീറ്റര്‍ സാംസ്കാരിക ഭൂപ്രകൃതിയും ആയി കണക്കാക്കി.

എന്നാല്‍, മേല്‍ വിസ്തൃതി നിര്‍ണ്ണയവും വസ്തുതാ വിവരങ്ങളോ കൃത്യമായ സ്ഥലനിര്‍ണ്ണയമോ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല. അന്ന് ലഭ്യമായിരുന്ന വനം വകുപ്പിന്‍റെ ഭരണ റിപ്പോര്‍ട്ട് പ്രകാരമുള്ള 9,107 ചതുരശ്ര കിലോമീറ്റര്‍ വന വിസ്തൃതിയെ സ്വാഭാവിക ഭൂപ്രകൃതിയായും ഈ വിസ്തൃതി മേല്‍പ്പറഞ്ഞ 9993.7 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് കുറവ് ചെയ്ത 886.7 ചതുരശ്ര കിലോമീറ്റര്‍ സാംസ്കാരിക ഭൂപ്രകൃതി എന്നും നിര്‍ണ്ണയിച്ചു.

10.03.2014-ല്‍ പുറപ്പെടുവിച്ച ആദ്യ കരട് ESA വിജ്ഞാപന പ്രകാരം 9993.7 ചതുരശ്ര കിലോമീറ്റര്‍ കേരളത്തിന്‍റെ ESA ആയി. അതിര്‍ത്തി സംബന്ധിച്ച GIS രേഖകളോ മറ്റു വിവരങ്ങളോ കേന്ദ്ര മന്ത്രാലയത്തിന് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നില്ല. അതോടൊപ്പം, ശാസ്ത്രീയമായി തയ്യാറാക്കിയ ഭൂപടവും പ്രസിദ്ധീകരിച്ചില്ല. ഇതു കാരണം 2014 ലെ കരട് ESA വിജ്ഞാപനത്തിലെ വിസ്തൃതി 9993.7 ചതുരശ്ര കിലോമീറ്റര്‍ എന്നതില്‍ ഇതുവരെ യാതൊരു മാറ്റവും വരുത്തുവാന്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തയ്യാറായിട്ടില്ല.

വിവിധ അളവുകളില്‍ കൂട്ടിയോജിപ്പിച്ചതിനാല്‍ കഡസ്ട്രല്‍ (Cadastral) മാപ്പുകള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഇതിനിടെ, സംസ്ഥാനത്ത് ചില വില്ലേജുകള്‍ ഭരണ സൗകര്യാര്‍ത്ഥം വിഭജിക്കപ്പെട്ടു. വില്ലേജ് യൂണിറ്റായി കണക്കാക്കി ESA നിര്‍ണ്ണയിക്കുന്നതിനാല്‍, വില്ലേജുകളുടെ ആകെ എണ്ണം 123-ല്‍ നിന്ന് 131 ആയി വര്‍ദ്ധിച്ചു.

2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്‍റെ കാലം മുതലാണ് ഈ അപാകതകള്‍ പരിഹരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചത്. വില്ലേജ് യൂണിറ്റാക്കിയുള്ള നിര്‍ണ്ണയരീതിയുടെ സങ്കീര്‍ണ്ണതകള്‍ വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തി.

ESA-യുടെ ഭൂവിസ്തൃതി കൃത്യമായി നിര്‍ണ്ണയിക്കുന്നതിന് സഹായകമായ കഡസ്ട്രല്‍ മാപ്പ് സമയബന്ധിതമായി തയ്യാറാക്കുന്നതിന് KSREC നെ ചുമതലപ്പെടുത്തി.

ഒപ്പം വനം, റവന്യൂ, പരിസ്ഥിതി, തദ്ദേശസ്വയംഭരണം, ലാന്‍റ് യൂസ് ബോര്‍ഡ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം വഴി ഈ മാപ്പ് പൂര്‍ത്തിയാക്കുന്നതിന് നടപടിയും ആരംഭിച്ചു.

2017 മെയ് മാസത്തില്‍ നടത്തിയ ആശയവിനിമയത്തിലൂടെ മുമ്പ് നിര്‍ദ്ദേശിച്ച പ്രകാരം 9107 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശവും അതോടൊപ്പം ചേര്‍ന്നുകിടക്കുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര പ്രദേശവും ആവാസവ്യവസ്ഥ സംരക്ഷിച്ചുകൊണ്ട് പ്രത്യേക പരിചരണത്തോടെ സര്‍ക്കാര്‍ നിലനിര്‍ത്താമെന്നും അക്കാരണത്താല്‍ വനപ്രദേശമായ 9107 ചതുരശ്ര കിലോമീറ്ററായി ESA നിജപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശം 2018 ഏപ്രിലില്‍ കേന്ദ്ര മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിലും ഉന്നയിച്ചു. എന്നാല്‍, ഇതിനോട് യോജിക്കുന്ന സമീപനം കേന്ദ്ര മന്ത്രാലയം സ്വീകരിച്ചില്ല.

നിര്‍ദ്ദിഷ്ട ഭൂവിവരങ്ങള്‍ വിവിധ സങ്കേതങ്ങള്‍ വഴി പരിശോധിച്ച് ആവശ്യമായ രേഖകള്‍ സഹിതം വിലയിരുത്തിയശേഷം 92 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് മൊത്തം ESA എന്ന് കണ്ടെത്തി. ഈ അളവില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാകാമെന്നതും കണക്കിലെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിശദ വിവരങ്ങള്‍ അടങ്ങിയ കുറിപ്പുകള്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുകയും തുടര്‍ന്ന് GIS മാപ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം സംസ്ഥാനത്തിന്‍റെ കരട് നിര്‍ദ്ദേശം 16.06.2018-ല്‍ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

2021-ല്‍ കേന്ദ്ര മന്ത്രാലയം ആകെ വിസ്തൃതിയില്‍ മാറ്റം വരുത്താതെ കോര്‍ ESA, നോണ്‍ കോര്‍ ESA എന്ന പുതിയ ആശയം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍, നിര്‍ദ്ദേശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും സംസ്ഥാനത്തിന്‍റെ ESA 8656.46 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്തണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

നിര്‍ദ്ദിഷ്ട വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പരിശോധനാ നടപടികളാണ് തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. 24.05.2022-ല്‍ ചീഫ് സെക്രട്ടറി നടത്തിയ യോഗത്തെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാതല പരിശോധനാ സമിതിക്ക് രൂപം നല്‍കി. ബന്ധപ്പെട്ട വകുപ്പുകളില്‍ ലഭ്യമായ വിവരങ്ങള്‍ എല്ലാം സമിതിക്ക് പരിശോധനയ്ക്കായി കൈമാറണമെന്ന് നിര്‍ദ്ദേശിച്ചു.

18.04.2022-ല്‍ കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങളുടെ ശിപാര്‍ശകള്‍ പരിശോധിക്കുന്നതിനായി നിയോഗിച്ച ശ്രീ. സഞ്ജയ് കുമാര്‍ ഐ.എഫ്.എസ് (റിട്ട.) അധ്യക്ഷനായി നിയമിച്ച ആറംഗ സമിതി മുമ്പാകെ ESA എന്നത് വനപ്രദേശങ്ങളില്‍ മാത്രമായി നിജപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.

സംസ്ഥാനത്ത് രൂപീകരിച്ച പരിശോധനാ സമിതി പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കരട് Shape/kml ഫയല്‍ പരിശോധിച്ചു. വനാതിര്‍ത്തിയില്‍ വരുന്ന വില്ലേജുകളിലെ സ്ഥലപരിശോധന പൂര്‍ത്തിയാക്കി അപാകതകള്‍ നിര്‍ണ്ണയിച്ചു. ഇതേത്തുടര്‍ന്ന്, എല്ലാ രേഖകളും 2024 മാര്‍ച്ചില്‍ പഞ്ചായത്തുകളിലേക്ക് കൈമാറി. സമിതിയുടെ പരിശോധനയ്ക്കുശേഷം ESA പുനര്‍നിര്‍ണ്ണയിക്കുകയുണ്ടായി. പഞ്ചായത്തില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സംസ്ഥാനത്തിന്‍റെ പുതുക്കിയ ESA നിര്‍ദ്ദേശം 2024 മെയ് 13-ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

നിലവിലുണ്ടായിരുന്ന വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണ യിക്കുകയും ചിലത് വിഭജിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ESA പരിധിയില്‍ വരുന്ന ആകെ വില്ലേജുകളുടെ എണ്ണം 92-ല്‍ നിന്ന് 98 ആയി മാറി. അതോടൊപ്പം, വസ്തുതാ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആകെ അളവ് 8656.46 ചതുരശ്ര കിലോമീറ്റര്‍ ESA എന്ന നിര്‍ദ്ദേശം 8711.98 ചതുരശ്ര കിലോമീറ്റര്‍ ആയും മാറിയിട്ടുണ്ട്.

ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂര്‍ത്തീകരിക്കുന്നതനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്റര്‍ എന്നതില്‍ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ട്. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണ്ണയമായതിനാല്‍ ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുംമെന്നും മന്ത്രി മറുപടിയായി പറഞ്ഞു.

Environmental sensitivity alert and response

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories